പ്രകൃതിയുടെ ഏറ്റവും മനോഹരമായ സൃഷ്ടികളാണല്ലോ പൂക്കളും പൂമ്പാറ്റകളും. കുഞ്ഞു മനസ്സിന് എന്നും കൗതുകവും ഒപ്പം അത്ഭുതവും ആണല്ലോ പൂക്കളും പൂമ്പാറ്റകളും. നമ്മുടെ പ്രിയങ്കരനായ മഹാകവി കുമാരനാശാന്റെ ഒരു മനോഹരമായ കവിത കുട്ടികളും പൂമ്പാറ്റകളും തമ്മിലുള്ള അഭേദ്യമായ ബന്ധം വെളിവാക്കുന്നു.



'ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍

പോകുന്നിതാ പറന്നമ്മേ
തെറ്റി നിനക്കുണ്ണി ചൊല്ലാം നല്‍പ്പൂ-
-മ്പാറ്റകളല്ലേയിതെല്ലാം 
മേല്‍ക്കുമേലിങ്ങിവ പൊങ്ങി വിണ്ണില്‍
നോക്കമ്മേ എന്തൊരു ഭംഗി!
അയ്യോ പോയ് കൂടിക്കളിപ്പാന്‍ അമ്മേ
വയ്യേ എനിക്കു പറപ്പാന്‍!'

പുഷ്പവാടി (ഏപ്രില്‍ 1931)

ശലഭങ്ങളുടെ വര്‍ണ്ണഭംഗി ആസ്വദിക്കാത്തവര്‍ ആരുമുണ്ടാവില്ല. പ്രകൃതിയിലെ മാലാഖമാരെന്ന് ഇവരെ നിസ്സംശയം വിളിക്കാം. കുട്ടികള്‍ക്കു മാത്രമേ ഇതൊക്കെ നിരീക്ഷിക്കാന്‍ സാധിക്കൂ, അതിനൊക്കെ നമുക്കെവിടേയാ നേരം? - എന്നു ചോദിക്കുന്നവരാണ് മുതിര്‍ന്നവര്‍. എന്നാല്‍ അങ്ങിനെയല്ല; ശലഭ നിരീക്ഷണവും നമ്മുടെ ജീവിതവും തമ്മില്‍ ബന്ധമുള്ളത് പലര്‍ക്കും അറിയില്ല.  വിഷലിപ്തമായ പ്രകൃതിയിലാണ് നാം ജീവിക്കുന്നത്. കൊടും വിഷം തളിക്കുന്ന പ്രദേശങ്ങളില്‍ ശലഭങ്ങളെ കാണാന്‍ സാധിക്കില്ല. വീട്ടു പറമ്പില്‍ നിറയെ ശലഭങ്ങള്‍ വരാറുണ്ടെങ്കില്‍ ഒന്നുറപ്പിക്കാം; നിങ്ങളുടേത് വിഷമില്ലാത്ത വായുവും മണ്ണും ജലവുമാണെന്ന്. ഓരോ പ്രദേശത്തിന്റേയും തനത് ജൈവവൈവിധ്യം നിലനിര്‍ത്തേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്. തനത് ചെടികളും ഔഷധ സസ്യങ്ങളും നിലനിന്നുപോകണമെങ്കില്‍ ചെടി-ശലഭം-പരാഗണം ചങ്ങല പൊട്ടാതെ നോക്കണം. ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമാകണമെങ്കില്‍ ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടതാണ്. അതിലേക്ക് താത്പര്യം ജനിപ്പിക്കാന്‍ ശലഭ നിരീക്ഷണം നല്ലൊരു മാര്‍ഗ്ഗമാണ്. 

മറ്റ് ഹോബികളെപ്പോലെ അധികം ചെലവില്ലാത്തതും അതേസമയം വിജ്ഞാനപ്രദവുമാണ് ശലഭ നിരീക്ഷണം. നമ്മുടെ ചുറ്റുപാടുകളില്‍ത്തന്നെ കാണുന്ന നിരവധി ശലഭങ്ങളെ തിരിച്ചറിയാന്‍ ശ്രമിച്ചു നോക്കൂ. തീര്‍ച്ചയായും അമ്പതോളം ശലഭങ്ങളെ വലിയ പ്രയാസം കൂടാതെ തിരിച്ചറിയാനാകും. ഒരു ഫീല്‍ഡ് ഗൈഡ് എന്ന നിലയില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്ന ഒരു അപ്ലിക്കേഷനാണിത്.

ഫേസ്ബുക്ക്, വിക്കിപീഡിയ, ഫ്ലിക്കര്‍ കൂട്ടായ്മയിലൂടെ ഇത് തയ്യാറാക്കാന്‍ എന്നെ അകമഴിഞ്ഞ് സഹായിച്ച നിരവധി പേരുണ്ട്.

ജീവന്‍ ജോസ് (കടവൂര്‍, എറണാകുളം), അനില മണലില്‍ (കോഴിക്കോട്), അജിത്‌ ഉണ്ണികൃഷ്ണന്‍ (പയ്യന്നൂര്‍), അഖില്‍ ആശോക് കെ.പി, ഗിരീഷ് മോഹന്‍ പി.കെ (കുയിലൂര്‍), വിനയരാജ് വി.ആര്‍ (കണ്ണൂര്‍), J.M.Garg, Vineeth Vengolis, Shyamal, Saijith Kandoth, Rama Warrier, Ravi Vaidyanathan, Chinmayisk, ബിനു ബാലകൃഷ്ണന്‍, ടോണി ആന്‍റണി (വെച്ചൂച്ചിറ), ശ്രീകുമാര്‍ ഇ.ആര്‍ (തൃശ്ശൂര്‍), ഹനീഷ് കെ.എം, കലേഷ് സദാശിവന്‍, ഗോപകുമാര്‍ വി.ആര്‍, ബാലകൃഷ്ണന്‍ വളപ്പില്‍, മുഹമ്മദ് ഷെരീഫ്, ഫിറോസ് എ.കെ, സതീഷ് പുല്ലാട്ട്  തുടങ്ങി നിരവധി പേര്‍.

ഇവരുടെയെല്ലാം അധ്വാനത്തില്‍ പിറന്ന നല്ല ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഞാനീ അപ്ലിക്കേഷന്‍ തയ്യാറാക്കിയത്. The Nature Web തയ്യാറാക്കിയ ചില അപ്ലിക്കേഷന്‍ കോഡുകള്‍ ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ ലേഖനങ്ങള്‍ വിവരങ്ങള്‍ക്കായി സ്വീകരിച്ചു.

ഈ സംരംഭത്തിന്‍റെ ബീറ്റാ പതിപ്പില്‍ 100 ശലഭങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. പൂര്‍ണ്ണപതിപ്പില്‍ നിശാശലഭങ്ങള്‍ അടക്കം 316 എണ്ണം ശലഭങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പതിപ്പും നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കും തിരുത്തലുകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി വിട്ടു തരികയാണ്. സൗജന്യ അപ്ലിക്കേഷനായതില്‍ത്തന്നെ, സ്വതന്ത്ര ചിത്രങ്ങള്‍ (ക്രിയേറ്റീവ് കോമണ്‍സ് പ്രകാരമുള്ള / തത്തുല്യം) ഉള്‍പ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. നിലവിലുള്ള ചിത്രങ്ങളും കുറിപ്പുകളും മെച്ചപ്പെടുത്തുന്നതിനും നിങ്ങള്‍ ഏവരുടേയും അകമഴിഞ്ഞ സഹായം ഞാന്‍ പ്രതീക്ഷിക്കുന്നു.
.
എങ്ങിനെയല്ലാം ഈ സംരംഭത്തില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം?
> നിങ്ങളുടെ പക്കലുള്ള സ്വയമെടുത്ത ചിത്രങ്ങള്‍ ഇതിനായി സംഭാവന ചെയ്യുക. സാധിക്കുമെങ്കില്‍ Image Width 500pix ആക്കി കുറച്ച, കൃത്യമായി ക്രോപ്പ് ചെയ്ത jpg ഫയല്‍ ആക്കി അയച്ചു തരിക.  അയക്കേണ്ട വിലാസം brijeshep@gmail.com
.
> ഇതിലെ വിവരണം മെച്ചപ്പെടുത്താനായി ശലഭങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ പങ്കു വയ്ക്കുക. ശലഭത്തിന്‍റെ സ്വഭാവ സവിശേഷതകള്‍, ശലഭപ്പുഴുവിന്‍റെ വിശേഷങ്ങള്‍, ഭക്ഷ്യസസ്യങ്ങള്‍, കാണപ്പെടുന്ന പ്രദേശങ്ങള്‍ തുടങ്ങി എന്തും...
.
> ആദ്യ ഘട്ടത്തില്‍ കൂടുതല്‍ എണ്ണം ശലഭങ്ങള്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യമാണ് ഉള്ളത്. ശലഭത്തിന്‍റെ വളര്‍ച്ചാ ഘട്ടങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ തത്കാലം ചേര്‍ക്കുന്നില്ല. പക്ഷേ സമീപ ഭാവിയില്‍ത്തന്നെ നമുക്കവ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ അത്തരം ചിത്രങ്ങള്‍ തയ്യാറാക്കി വയ്ക്കുക.
.
> നിങ്ങളുടെ കൂട്ടുകാരോടും ഈ അപ്ലിക്കേഷനെക്കുറിച്ച് പറയുക. സൗജന്യമായി അവര്‍ക്ക് പങ്കു വയ്ക്കുക. Facebook, Whatsapp പോലുള്ള സാമൂഹ്യ ഇടങ്ങളില്‍ ഷെയര്‍ ചെയ്യുക.

ശലഭത്തെ അടുത്തറിയുക എന്നാല്‍ ഈ പ്രകൃതിയെ അടുത്തറിയുക എന്നതാണ്. ഈ പ്രകൃതി നശിക്കുമ്പോള്‍ കൂടെ നശിക്കുന്നത് ഇവരുംകൂടിയാണെന്ന ബോധമാണ് നാം ഓരോരുത്തരേയും ശലഭനിരീക്ഷണത്തിലേക്ക് കൊണ്ടെത്തിച്ചത് എന്നാണ് എന്‍റെ വിശ്വാസം. അതുകൊണ്ടു തന്ന ഈ ജൈവവൈവിധ്യം ഈ ഭൂമിയില്‍ നിലനിലനിര്‍ത്താനുള്ള അവബോധം ഇനിയൊരു തലമുറക്ക് പകര്‍ന്നു നല്‍കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണെന്നും, അതിനായി നിങ്ങള്‍ ഈ അപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തുമെന്നും കരുതുന്നു.

സസ്നേഹം,

ബ്രിജേഷ് പൂക്കോട്ടൂര്‍



Download Link for Final Version APK (18.22 MB)

MediaFire


Mirrors:- 1 2 3 4



ആന്‍ഡ്രോയിഡ് 4.0 മുതല്‍ മുകളിലേക്കുള്ള പതിപ്പുകളില്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിക്കും.

ആന്‍ഡ്രോയിഡ് ഫോണ്‍ ഇല്ലാത്തവര്‍ക്ക് കമ്പ്യൂട്ടറില്‍ ഈ ആപ്പ് പ്രവര്‍ത്തിക്കുന്നതിനായി BlueStacks App Player for Windows ഇന്‍സ്റ്റാള്‍‌ ചെയ്യുക. ശേഷം ഈ APK അതില്‍ ഉപയോഗിക്കാനാകും. 









Poompatta App on BlueStacks






Designed by Prayag Verma