ഈ പ്രകൃതിയെ അറിയാന്‍, സ്നേഹിക്കാന്‍, അതുവഴി സംരക്ഷിക്കാന്‍ ശലഭനിരീക്ഷണം പോലെ മറ്റൊരു ഹോബിയില്ല. കേരളത്തിലെ ചിത്രശലഭങ്ങളെക്കുറിച്ചുള്ള ഒരു ആന്‍ഡ്രോയിഡ് അപ്, ഇതാ നിങ്ങള്‍ക്കായ്...

നിങ്ങള്‍ കണ്ട ശലഭത്തെ തിരിച്ചറിയുന്നതിനും അവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും നിങ്ങള്‍ക്കൊരു സഹായി...

ഫേസ്ബുക്ക്, വിക്കിപീഡിയ കൂട്ടായ്മയിലൂടെ ഇത് തയ്യാറാക്കാന്‍ എന്നെ അകമഴിഞ്ഞ് സഹായിച്ച നിരവധി പേരുണ്ട്.
ജീവന്‍ ജോസ് (കടവൂര്‍, എറണാകുളം), അനില മണലില്‍ (കോഴിക്കോട്), അജിത്‌ ഉണ്ണികൃഷ്ണന്‍ (പയ്യന്നൂര്‍), അഖില്‍ ആശോക് കെ.പി, ഗിരീഷ് മോഹന്‍ പി.കെ (കുയിലൂര്‍), വിനയരാജ് വി.ആര്‍ (കണ്ണൂര്‍), J.M.Garg, Vineeth Vengolis, Shyamal, Saijith Kandoth, Rama Warrier, Ravi Vaidyanathan, Chinmayisk, ബിനു ബാലകൃഷ്ണന്‍, ടോണി ആന്‍റണി (വെച്ചൂച്ചിറ), ശ്രീകുമാര്‍ ഇ.ആര്‍ (തൃശ്ശൂര്‍), ഹനീഷ് കെ.എം, സതീഷ് പുല്ലാട്ട്, ഗോപകുമാര്‍ വി.ആര്‍ തുടങ്ങി നിരവധി പേര്‍.
ഇവരുടെയെല്ലാം അധ്വാനത്തില്‍ പിറന്ന നല്ല ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഞാനീ അപ്ലിക്കേഷന്‍ തയ്യാറാക്കിയത്. The Nature Web തയ്യാറാക്കിയ അപ്ലിക്കേഷന്‍ കോഡുകള്‍ ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ ലേഖനങ്ങള്‍ വിവരങ്ങള്‍ക്കായി സ്വീകരിച്ചു.

ഈ സംരംഭത്തിന്‍റെ ആദ്യ പതിപ്പ് 1.0 Beta ഇന്ന് പുറത്തിറക്കുകയാണ്. ബീറ്റാ പതിപ്പ് നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കും തിരുത്തലുകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി വിട്ടു തരികയാണ്. ഇതില്‍ 100 ശലഭങ്ങളുടെ വിവരങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിഭാഗങ്ങള്‍ അനുസരിച്ച് പുതിയവ ചേര്‍ത്തു കൊണ്ടിരിക്കുന്നതിനാല്‍ പ്രധാനപ്പെട്ട പല ശലഭങ്ങളും ഇനിയും ചേര്‍ക്കപ്പെട്ടിട്ടില്ല. തുടര്‍ന്നുള്ള പതിപ്പുകളിലൂടെ കേരളത്തിലെ ഏറെക്കുറെ എല്ലാ ശലഭങ്ങളേയും ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പൂര്‍ണ്ണമായും സ്വതന്ത്ര ചിത്രങ്ങള്‍ (വിക്കിമീഡിയ കോമണ്‍സ് പ്രകാരമുള്ള) ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനായി നിങ്ങള്‍ ഏവരുടേയും അകമഴിഞ്ഞ സഹായം ഞാന്‍ പ്രതീക്ഷിക്കുന്നു.


എങ്ങിനെയല്ലാം ഈ സംരംഭത്തില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം?
----------------------------------------
> നിങ്ങളുടെ പക്കലുള്ള സ്വയമെടുത്ത ചിത്രങ്ങള്‍ ഇതിനായി സംഭാവന ചെയ്യുക. സാധിക്കുമെങ്കില്‍ Image Width 500pix ആക്കി കുറച്ച, കൃത്യമായി ക്രോപ്പ് ചെയ്ത jpg ഫയല്‍ ആക്കി അയച്ചു തരിക.  അയക്കേണ്ട വിലാസം brijeshep@gmail.com

> ഇതിലെ വിവരണം മെച്ചപ്പെടുത്താനായി ശലഭങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ പങ്കു വയ്ക്കുക. ശലഭത്തിന്‍റെ സ്വഭാവ സവിശേഷതകള്‍, ശലഭപ്പുഴുവിന്‍റെ വിശേഷങ്ങള്‍, ഭക്ഷ്യസസ്യങ്ങള്‍, കാണപ്പെടുന്ന പ്രദേശങ്ങള്‍ തുടങ്ങി എന്തും...

> ആദ്യ ഘട്ടത്തില്‍ കൂടുതല്‍ എണ്ണം ശലഭങ്ങള്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യമാണ് ഉള്ളത്. ശലഭത്തിന്‍റെ വളര്‍ച്ചാ ഘട്ടങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ തത്കാലം ചേര്‍ക്കുന്നില്ല. പക്ഷേ സമീപ ഭാവിയില്‍ത്തന്നെ നമുക്കവ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ അത്തരം ചിത്രങ്ങള്‍ തയ്യാറാക്കി വയ്ക്കുക.

> സമാന ശലഭങ്ങളുടെ ലിങ്ക് പലതിലും ചേര്‍ത്തിട്ടില്ല. Plain Tiger <-> Blue Tiger <-> Common Tiger ഈ വിധത്തില്‍ കുറേയെണ്ണം പരസ്പരം ബന്ധിപ്പിക്കേണ്ടതുണ്ട്. അതിനായി ഈ മേഖലയില്‍ കൂടുതലറിവുള്ള സുഹൃത്തുക്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.

> നിങ്ങളുടെ കൂട്ടുകാരോടും ഈ അപ്ലിക്കേഷനെക്കുറിച്ച് പറയുക. സൗജന്യമായി അവര്‍ക്ക് പങ്കു വയ്ക്കുക. ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ ഇടങ്ങളില്‍ ഷെയര്‍ ചെയ്യുക.



ശലഭത്തെ അടുത്തറിയുക എന്നാല്‍ ഈ പ്രകൃതിയെ അടുത്തറിയുക എന്നതാണ്. ഈ പ്രകൃതി നശിക്കുമ്പോള്‍ കൂടെ നശിക്കുന്നത് ഇവരുംകൂടിയാണെന്ന ബോധമാണ് നാം ഓരോരുത്തരേയും ശലഭനിരീക്ഷണത്തിലേക്ക് കൊണ്ടെത്തിച്ചത് എന്നാണ് എന്‍റെ വിശ്വാസം. അതുകൊണ്ടു തന്ന ഈ ജൈവവൈവിധ്യം ഈ ഭൂമിയില്‍ നിലനിലനിര്‍ത്താനുള്ള അവബോധം ഇനിയൊരു തലമുറക്ക് പകര്‍ന്നു നല്‍കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണെന്നും, അതിനായി നിങ്ങള്‍ ഈ അപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തുമെന്നും കരുതുന്നു.

സസ്നേഹം,

ബ്രിജേഷ് പൂക്കോട്ടൂര്‍
Download APK Here




(1.0 Beta, 19 MB)




(ആന്‍ഡ്രോയിഡ് 4.0 മുതല്‍ മുകളിലേക്കുള്ള പതിപ്പുകളില്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിക്കും.)












Designed by Prayag Verma